
തിരുവനന്തപുരം: കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പ്രതികളുടെ കുറ്റസമ്മത മൊഴി വെളിപ്പെടുത്തരുതെന്നും സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. കുറ്റസമ്മതമൊഴിയും അന്വേഷണ വിവരങ്ങളും മാധ്യമങ്ങള്‍ക്കു പങ്കുവയ്ക്കുന്നത് വിചാരണയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അടുത്തിടെ ഒരു കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം ഹൈക്കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു പങ്കുവയ്ക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.



