
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്റെ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി വിവാദ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. തന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്ന് ഷെര്‍ഷാദ് ആരോപിച്ചു. അറസ്റ്റിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നും ഷെര്‍ഷാദ് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം എല്ലാം വിശദമായി പറയുമെന്നും ഷെര്‍ഷാദ് വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഹമ്മദ് ഷെര്‍ഷാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
പരാതി നല്‍കിയത് സിപിഐഎം ബന്ധമുള്ള വ്യക്തിയാണ്. തനിക്ക് ഭീഷണിയുണ്ട്. പുറത്തിറങ്ങിയശേഷം വിശദമായ പത്രസമ്മേളനം വിളിക്കും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണ്. പി. ശശിയുടെ ഓഫീസാണ് പ്രധാനമായും ഇതിനുപിന്നില്‍. അല്ലാതെ വേറൊന്നുമല്ലെന്നും സെക്രട്ടറിയുടെ മകനെതിരേയുള്ള തന്റെ പ്രശ്നം ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കുകയാണെന്നും ഷെര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം കബളിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലാണ് ഷെര്‍ഷാദിനെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ‘പെന്റ’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷെര്‍ഷാദ്. 2023-ല്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ ലാഭം വാഗ്ദാനംചെയ്ത് 40 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചെന്നും ഇത് കബളിപ്പിക്കലായിരുന്നുവെന്നും നിക്ഷേപമായി നല്‍കിയ പണം നഷ്ടപ്പെട്ടെന്നും ആരോപിച്ചാണ് രണ്ടുപേര്‍ പരാതി നല്‍കിയിരുന്നത്.
സമീപകാലത്ത് സിപിഐഎമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷെര്‍ഷാദ്. സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഷെര്‍ഷാദ് നല്‍കിയ പരാതി പിന്നീട് കോടതി രേഖയായി എത്തിയതിലായിരുന്നു വിവാദം. പാര്‍ട്ടിനേതാക്കള്‍ക്ക് ഹവാലഇടപാടിലടക്കം പങ്കാളിത്തമുണ്ടെന്നായിരുന്നു ഷര്‍ഷാദ് പിബിക്ക് നല്‍കിയ കത്തിലുണ്ടായിരുന്നത്. ഈ കത്ത് ചോര്‍ത്തിയത് എം.വി. ഗോവിന്ദന്റെ മകനാണെന്നായിരുന്നു ഷെര്‍ഷാദിന്റെ ആരോപണം.



