
തിരുവനന്തപുരം: കരുത്തും പരിചയ സമ്പത്തും ഒത്തിണങ്ങിയ സ്ഥാനാര്‍ത്ഥികളുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുറച്ച് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എ കെ.എസ് ശബരിനാഥനാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി. 24കാരിയായ വൈഷ്ണ സുരേഷാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ഇളമുറക്കാരി. സീനിയര്‍ അംഗമായ ജോണ്‍സണ്‍ ജോസഫും മത്സരരംഗത്തുണ്ട്. കെ.മുരളീധരന്റെയും വി.എസ്.ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
48 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. നിലവിലെ 10 സീറ്റില്‍ നിന്ന് 51 സീറ്റ് ആക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് കെ.മുരളീധരന്‍ പറയുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശബരിനാഥന്‍ കവടിയാറില്‍ നിന്നാണ് ജനവിധി തേടുക. കെഎസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡില്‍ മത്സരിക്കും. സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്നത് കോണ്‍ഗ്രസിന് വലിയ പ്രധാന്യമുള്ള ഒന്നാണ്. നാല് നിയമസഭാ മണ്ഡലങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. ഇതാണ് കെ.എസ്.ശബരിനാഥനെ മത്സരപ്പിക്കുന്നതിന് പിന്നിലെ കാരണമായി കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോര്‍പ്പറേഷനിലെ വിജയം ആക്കംകൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-ല്‍ യുഡിഎഫിന് 10 സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. 51 സീറ്റ് പിടിച്ച എല്‍ഡിഎഫാണ് നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 34 സീറ്റുള്ള എന്‍ഡിഎയാണ് പ്രതിപക്ഷം. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകളും ലഭിച്ചു.
കെ.മുരളീധരനാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ചുമതല. അദ്ദേഹം നയിക്കുന്ന വാഹചനപ്രചാരണ ജാഥ തിങ്കളാഴ്ച ആരംഭിക്കം. തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ബിജെപി അപ്രമാദിത്വം അവസാനിപ്പിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എഐസിസിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ശബരി ഉള്‍പ്പടെയുള്ളവര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.



