
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നാളെ ഒരുദിവസം നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ അവകാശവാദങ്ങളും വാക്പോരുമായി രാഹുല്‍ ഗാന്ധിയും അമിത് ഷായും കളം നിറഞ്ഞു.
വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്‍ പിടിക്കപ്പെടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദിക്കും ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്‍ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറില്‍ വ്യാവസായിക ഇടനാഴി ഒരുക്കുമ്പോള്‍ ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാര്‍ക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാര്‍ വികസനത്തിലേക്കു നയിക്കപ്പെടണോ ജംഗിള്‍ രാജിലേക്കു നീങ്ങണോയെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഗയയില്‍ നടത്തിയ റാലിയില്‍ പറഞ്ഞു.
നവംബര്‍ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. ചരിത്രത്തിലെ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഇന്ത്യാസഖ്യത്തിനും എന്‍ഡിഎക്കും ഒരുപോലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.



