
തിരുവനന്തപുരം: കേരളത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 25നുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണം നവംബര്‍ 25നകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ആറുമണി വരെ ഏകദേശം 64,45,755 പേര്‍ക്ക് (23.14%) എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎല്‍ഒമാരും മുഴുവന്‍ ഡാറ്റയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎല്‍ഒമാരുടെ പ്രകടനം ഇആര്‍ഒമാരും എഇആര്‍ഒമാരും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാരും നിരീക്ഷിക്കണമെന്നും ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ 25ന് മുന്നേ തന്നെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം തടസ്സമല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
2025 ലെ വോട്ടര്‍ പട്ടികയിലുള്ള 2.78 കോടി വോട്ടര്‍മാരാണ് എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്. 2002 ല്‍ എസ്‌ഐആര്‍ നടത്തി പുറത്തിറക്കിയ പട്ടികയില്‍ ഇവരുടെ പേരുണ്ടെങ്കില്‍ ഫോം പൂരിപ്പിച്ചാല്‍ മാത്രം മതി. voters.eci.gov.in എന്ന പോര്‍ട്ടലില്‍ ലോഗിന്‍ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈനായും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു സമര്‍പ്പിക്കാം. ബിഎല്‍ഒ അത് വീട്ടിലെത്തി വെരിഫൈ ചെയ്യും.
വീട്ടിലെത്തുന്ന ബിഎല്‍ഒമാര്‍ 2 ഫോമുകളാണ് നല്‍കുക. രണ്ടും പൂരിപ്പിച്ചു നല്‍കുമ്പോള്‍ ഒരെണ്ണം രസീതായി തിരികെ നല്‍കും. രേഖകള്‍, ആവശ്യമുള്ളവര്‍ ഡിസംബര്‍ 4നു ശേഷം എസ്‌ഐആറിന്റെ അടുത്ത ഘട്ടത്തില്‍ നല്‍കിയാല്‍ മതി. ബിഎല്‍ഒ എത്തുമ്പോള്‍ വീട്ടിലില്ലാത്തവര്‍ക്കു വേണ്ടി കുടുംബാംഗങ്ങള്‍ക്ക് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കാം.



