
വാഷിംഗ്ടണ്‍: ആന്ധ്രാപ്രദേശ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ അമേരിക്കയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ(23)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണകാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്തതയില്ല. വെള്ളിയാഴ്ച രാവിലെ ഒപ്പംതാമസിക്കുന്നവരാണ് രാജ്യലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടത്. ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൂന്നുദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ടെക്സാസിലെ എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ എംഎസ് കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന രാജ്യലക്ഷ്മി അടുത്തിടെയാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യുഎസില്‍ തന്നെ ജോലിക്കായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ആന്ധ്രയിലെ കര്‍ഷക കുടുംബാംഗമായ രാജ്യലക്ഷ്മി, വിജയവാഡയിലെ കോളജില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയശേഷം 2023-ലാണ് ഉന്നത പഠനത്തിനായി യുഎസിലേക്ക് പോയത്. യുഎസിലെ പഠനം പൂര്‍ത്തിയാക്കി മികച്ച ജോലിയില്‍ പ്രവേശിക്കാനും ഇതിലൂടെ കുടുംബത്തിന് താങ്ങാകാനുമായിരുന്നു രാജ്യലക്ഷ്മിയുടെ ആഗ്രഹം. എന്നാല്‍, രാജ്യലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണംപോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബമെന്ന് ബന്ധുക്കള്‍ പറഞ്ഞു.



