
പാലക്കാട്: ചെര്‍പുളശ്ശേരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തായി. ഡിവൈഎസ്പിയുടെ മാനസിക പീഡനത്തില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. 32 പേജുള്ള ആത്മഹത്യാ കുറിപ്പിലാണ് മേലുദ്യോഗസ്ഥനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്. 2014-ല്‍ നടന്ന ഒരു സംഭവത്തില്‍ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. 2014ല്‍ സിഐ ആയിരുന്ന, നിലവില്‍ വടകര ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തല്‍.
2014-ല്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ അന്ന് സിഐ ആയിരുന്ന ഉമേഷ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തില്‍ ബിനു തോമസ് പറയുന്നത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. 2014ല്‍ പാലക്കാട്ട് സര്‍വീസിലിരിക്കെയാണ് സംഭവങ്ങള്‍ നടന്നത്. ചെര്‍പ്പുളശേരി നഗരത്തില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. തുടര്‍ന്ന് അന്നുരാത്രി മേലുദ്യോഗസ്ഥന്‍ സ്ത്രീയുടെ വീട്ടിലെത്തി.
ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയിരുന്നു. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും പൊലീസ് ഉദ്യോഗസ്ഥനു കീഴടങ്ങുകയല്ലാതെ യുവതിക്കു മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു എന്ന് കുറിപ്പിലുണ്ട്. ഈ സംഭവത്തിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ ബിനു തോമസ് എഴുതിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ മനപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം.
തൊട്ടില്‍പ്പാലം സ്വദേശിയാണ് 52കാരനായ ബിനു. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ ക്വോര്‍ടേഴ്‌സിലേക്കു പോയ ബിനു പിന്നെ തിരിച്ചു വന്നിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തോട് ചേര്‍ന്ന് 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.



