അതിജീവിതയെ അപമാനിച്ചു; മഹിളാ കോണ്‍ഗ്രസ് നേതാവ് അടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്; സന്ദീപ് വാര്യരും പ്രതിപ്പട്ടികയില്‍

രഞ്ജിത പുളിക്കന്‍, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയായ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കനെ ഒന്നാംപ്രതിയാക്കിയാണ് കേസ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഈശ്വര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

ഐടി ആക്ട് 43, 66, ബിഎന്‍എസ് 72,79 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപാ ജോസഫ് രണ്ടും മൂന്നും പ്രതിയാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. അതേസമയം പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങനെ ചെയ്യാന്‍ മാത്രം വിവേകശൂന്യനല്ല താനെന്നും അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫേസ്ബുക്കില്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഇരയുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Scroll to Top