
കൊച്ചി: ഇന്ത്യയില്‍ തന്നെ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്വട്ടേഷന്‍ റേപ്പ് കേസില്‍ കോടതി വിധി പറഞ്ഞിരിക്കുന്നു. കേസില്‍ പ്രധാന കുറ്റാരോപിതനായിരുന്ന നടന്‍ ദിലീപിനെ വെറുതെവിട്ടു കൊണ്ടാണ് എറണാകുളം സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രോസിക്യൂഷന്‍ കേസില്‍ എട്ടാം പ്രതിയായി ചേര്‍ത്തിരുന്ന നടന്‍ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്നതാണ് പ്രധാനം. മറ്റു പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടപ്പോഴും ഏഴുമുതല്‍ 15 വരെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. തനിക്കെതിരെ പൊലീസ് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു ഈ കേസെന്നാണ് ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം പ്രതികരിച്ചത്. പൊലീസിനെതിരെയും മുന്‍ ഐജി ബി.സന്ധ്യയ്ക്കും എതിരെ കടുത്ത ആരോപണം കൂടി കോടതിമുറി വിട്ട് പുറത്തെത്തിയ ദിലീപ് ഉന്നയിക്കുകയുണ്ടായി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിന്റെ വിധിന്യായത്തില്‍ പറയുന്നത്. എന്‍.എസ്.സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ 12ന് പ്രഖ്യാപിക്കും. എട്ടാം പ്രതി ദിലീപിനെയും ദിലീപിന്റെ സുഹൃത്ത് ശരതും അടക്കം കേസിലെ ഏഴുമുതല്‍ 15 വരെ പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ 12ന് പ്രഖ്യാപിക്കും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഗൂഢാലോചനാ കുറ്റമായിരുന്നു ദിലീപിനെതിരെ ചുമത്തിയിരുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധവും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന തെളിവുകളും അന്വേഷണസംഘവും പ്രോസിക്യൂഷനും ഹാജരാക്കിയിരുന്നത്. എന്നാല്‍, ഈ തെളിവുകളോ സാക്ഷിമൊഴികളോ കോടതിയില്‍ നിലനിന്നില്ല എന്നു വേണം കരുതാന്‍. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു തുടക്കം മുതല്‍ ദിലീപ് ഉന്നയിച്ചിരുന്നത്. ഇത് തെളിയിക്കുന്ന തരത്തിലുള്ള വിധിയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നുണ്ടായത്. മലയാളികളെ ഞെട്ടിച്ച ഈ സംഭവത്തിനു പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി മഞ്ജു വാര്യരായിരുന്നു. കൊച്ചിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ അതിജീവിതയ്ക്ക് പിന്തുണയര്‍പിച്ച് ചേര്‍ന്ന യോഗത്തിലായിരുന്നു മഞ്ജു വാര്യര്‍ ഇക്കാര്യം ഉന്നയിച്ചത്. അന്ന് മഞ്ജുവാര്യര്‍ ഉന്നയിച്ച ആ ഗൂഢാലോചനാ സിദ്ധാന്തം പിന്നീട് അതിജീവിത നല്‍കിയ അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നടനു മറ്റൊരു നടിയുമായുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയായ നടി ചോദിച്ചപ്പോള്‍ ഒന്നും ഒളിച്ചുവയ്ക്കാന്‍ തോന്നിയില്ലെന്നും അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞെന്നും അതിജീവിത പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.



