കോണ്‍ഗ്രസുകാരെ സ്ത്രീലമ്പടന്‍മാരാക്കുന്ന മുഖ്യമന്ത്രി സഹപ്രവര്‍ത്തകന് എതിരായ പീഡന പരാതി പൂഴ്ത്തിവച്ചു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

കൊച്ചി: കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്ന് പറയുന്ന മുഖ്യമന്ത്രി, മുന്‍ സിപിഎം എംഎല്‍എ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ പരാതി പൂഴ്ത്തിവെച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വന്തക്കാരനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ മുന്‍ എംഎല്‍എ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരെ നവംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി കിട്ടിയിട്ടും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബര്‍ എട്ടിനും. പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഒരു എംഎല്‍എയ്ക്കെതിരെ പരാതി കിട്ടിയപ്പോള്‍തന്നെ പൊലീസിന് കൈമാറി. എന്നാല്‍, മുന്‍ സിപിഎം എംഎല്‍എയ്ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി മുഖ്യമന്ത്രി എന്തിനാണ് പൂഴ്ത്തിവച്ചത്? അത് ഇരട്ട നീതിയാണ്. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ മുഖ്യമന്ത്രി എല്ലാം വൈകിപ്പിക്കുകയാണ്. ഈ അന്യായം കേരളം അറിയണം. കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എംഎല്‍എമാരിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നേക്കിയാല്‍ നന്നായിരിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Scroll to Top