ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ്; പിന്തുണയ്ക്കുന്നവരുമായി സഖ്യമുണ്ടാക്കാം; പ്രമേയമിറക്കി ടിവികെ.

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യകക്ഷികളെ ക്ഷണിച്ചു കൊണ്ട് തമിഴക വെട്രി കഴകം പ്രമേയമിറക്കി. വിജയിയുടെ നേതൃത്വത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറെന്ന് വ്യക്തമാക്കിയാണ് ടിവികെ പ്രമേയമിറക്കിയത്. വിജയ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രമേയത്തില്‍ പറയുന്നു. സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ അന്തിമ തീരുമാനവും എടുക്കാന്‍ വിജയ്യ്ക്ക് മുഴുവന്‍ അധികാരമുണ്ടായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഡിഎംകെ സര്‍ക്കാരിനെ താഴെ ഇറക്കി പുതിയ തമിഴ്നാടിനെ നിര്‍മിക്കുമെന്നാണ് ടിവികെയുടെ അവകാശവാദം. ടിവികെയുടെ സംസ്ഥാന അഡ്മിനിസ്ട്രേറ്റര്‍മാരും ജില്ലാ സെക്രട്ടറിമാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നാല് പ്രമേയങ്ങള്‍ പാസാക്കിയത്. തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക കമ്മിറ്റിയെയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ചുമതലകളും വിജയ് തന്നെ തീരുമാനിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

അതേസമയം വിജയ് നടത്തുന്ന സംസ്ഥാന പര്യടനം തുടരും. 16ന് ഈറോഡില്‍ പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. എന്നാല്‍ ഇതിനിടെ 27 വര്‍ഷത്തോളം വിജയ്യുടെ പിആര്‍ഒ ആയിരുന്ന പി ടി സെല്‍വകുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വിജയ്യുടെ ഏകാധിപത്യമാണ് ടിവികെയിലെന്നും പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെല്‍വകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Scroll to Top