
കൊച്ചി: ഒരുവര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് മര്‍ദ്ദനമേറ്റതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് മര്‍ദ്ദനം ഫോണില്‍ ചിത്രീകരിച്ചതിന് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെയാണ് സിഐ മുഖത്തടിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2024ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്.
2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രന് മര്‍ദിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഗര്‍ഭിണിയായിരുന്ന തന്നെ പോലീസ് കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ അന്ന് പോലീസ് ഇതെല്ലാം നിഷേധിക്കുകയും യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാന്‍ പോലീസ് ഇടപ്പെടുകയുമായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരണം. മാത്രമല്ല സിഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നടക്കം പോലീസ് ആരോപണം ഉന്നയിച്ചിരുന്നു.
സസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.



