
തിരുവനന്തപുരം: കളങ്കാവല്‍ സിനിമയുടെ വിജയരഹസ്യം പ്രേക്ഷകരുമായി പങ്കിട്ട് സിനിമയിലെ താരങ്ങളും സംവിധായകനും തിരക്കഥാകൃത്തും അടക്കമുള്ളവര്‍ ഒത്തുചേര്‍ന്നു. പ്രേംനസീര്‍ മൂവീ ക്ലബ് ആണ് കളങ്കാവല്‍ സിനിമാ സംവാദം ഒരുക്കിയത്. ചിത്രത്തിലെ താരങ്ങളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും പ്രേക്ഷകര്‍ക്ക് നേരില്‍ കാണാനും അവസരമൊരുങ്ങി. പ്രേക്ഷകരുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമായി സിനിമാ സംവാദം അക്ഷരാര്‍ത്ഥത്തില്‍ ഒരു സൗഹൃദ വേദിയായി മാറി.
സൂര്യകൃഷ്ണമൂര്‍ത്തി സംവാദം ഉദ്ഘാടനം ചെയ്തു. ഇത്തരം വേദികള്‍ സിനിമയ്ക്ക് അത്യാവശ്യമാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒരു സിനിമയെയും നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ജിതിന്‍ കെ. ജോസ്, തിരകഥാകൃത്ത് ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച 15 ഓളം താരങ്ങളും സംവാദത്തില്‍ ഒന്നിച്ചു. നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് നടന്‍ അലന്‍സിയര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സിനിമാ പി.ആര്‍.ഒ. അജയ് തുണ്ടത്തില്‍ മോഡറേറ്ററായിരുന്നു. സംവിധായകരായ ബാലു കിരിയത്ത്, ജോളിമസ്, സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, ഡോ.വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാന്‍, ഡോ.ഷാനവാസ്, വിജയകുമാരന്‍ നായര്‍, അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



