
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിറ്റി ബസ് വിവാദത്തില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്. കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കണെന്ന് ഗണേഷ് കുമാറിനോട് രാജേഷ് ആവശ്യപ്പെട്ടു. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെഎസ്ആര്‍ടിസിയുമായി കോര്‍പ്പറേഷനുണ്ടാക്കിയ കരാര്‍ പ്രകാരം പീക് ടൈമില്‍ 113 ബസുകളും നഗരപരിധിയില്‍ ഓടണം. അതിനുശേഷം മറ്റുള്ള സ്ഥലങ്ങളിലോടുന്നതിന് വിരോധമില്ല. കോര്‍പ്പറേഷനുമായി കൂടിയാലോചിച്ച് റൂട്ട് നിശ്ചയിക്കണമെന്ന കരാര്‍ ലംഘിക്കപ്പെട്ടു. വരുമാനം വീതിക്കണമെന്നും ഈ കരാറില്‍ പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തിവരുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.
113 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ അതില്‍നിന്ന് ഒരു ലാഭവിഹിതം കിട്ടണമെന്നത് ന്യായമായ കാര്യമാണ്. അത് കരാറിലും ഉള്ളതാണെന്നും രാജേഷ് പറഞ്ഞു. കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ തിരികെ നല്‍കാമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തിനും മേയര്‍ മറുപടി നല്‍കി. ‘കത്ത് കൊടുത്താല്‍ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ബസ്സിന്റെ നല്ല കാലമൊക്കെ കഴിഞ്ഞെന്നും വി.വി.രാജേഷ് പറഞ്ഞു.
ഗ്രാമീണ റൂട്ടുകളിലേക്ക് ബസ് വേണമെന്നാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമായും ആവശ്യപ്പെട്ടത്. ധാരാളം ഇട റോഡുകള്‍ അവിടെ ഉണ്ട്. കൂലിപ്പണിക്കാരായ പാവങ്ങള്‍ കരഞ്ഞുകൊണ്ട് ഞങ്ങളോട് ബസ് വേണമെന്ന് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ടാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗുസ്തി പിടിക്കാന്‍ ഞങ്ങള്‍ ഇല്ല. വെല്ലുവിളിക്കാനും ഞങ്ങള്‍ ഇല്ല. ഒരുപാട് തവണ ജയിച്ച, രാഷ്ട്രീയ പാരമ്പര്യം ഉള്ള ആളാണ് ഗണേഷ്. മേയറുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്’ എന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു.



