ദീപകിന്റെ മരണം; ഷിംജിത മുസ്തഫ അറസ്റ്റില്‍; ഒളിവില്‍ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടില്‍; റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വീഡിയോ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍. വടകര സ്വദേശി ഷിംജിത മുസ്തഫയാണ് പിടിയിലായത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപകിന്റെ മരണത്തിലാണ് അറസ്റ്റ്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷിംജിത മുസ്തഫയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പൊലീസ് ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.

അതീവ രഹസ്യമായിട്ടായിരുന്നു ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനം ഒഴിവാക്കി അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മഫ്തിയില്‍ സ്വകാര്യവാഹനത്തില്‍ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഷിംജിതയ്‌ക്കെതിരെ പൊലീസ് തിങ്കളാഴ്ച എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കി. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഷിംജിത കോടതിയെ സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ഒളിവില്‍ പോയ ഷിംജിത സംസ്ഥാനം വിട്ടതായി സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബസില്‍ അപമാനകരമായ രീതിയില്‍ പെരുമാറിയെന്നു കാട്ടിയാണ് ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഷിംജിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ വീഡിയോ ഡിലീറ്റ് ചെയ്ത് തൊട്ടടുത്ത ദിവസം മറ്റൊരു വിശദീകരണ വീഡിയോയും പുറത്തുവിട്ടു. ഇതോടെ മാനസിക സംഘര്‍ഷത്തിലായ ദീപകിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദീപകിന്റെ മരണത്തില്‍ ഷിംജിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ കെ. കന്യക സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണര്‍ പരാതി മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ ചുമതലയുള്ള ഡിഎസ്പിക്ക് കൈമാറി. ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടുന്ന ബിഎന്‍എസ് 108 വകുപ്പ് പ്രകാരമാണ് ഷിംജിതയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം വരെ തടവും പിഴയും ഉള്‍പ്പെടുന്ന വകുപ്പാണിത്.

പയ്യന്നൂരില്‍ ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബസിനുള്ളില്‍ നിന്ന് ഷിംജിത പകര്‍ത്തിയ മൂന്നു വിഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ഒറ്റ വീഡിയോയാക്കി ഷിംജിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണിലെ എഡിറ്റ് ചെയ്യാത്ത വീഡിയോയിലും ഷിംജിത ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതയ്ക്ക് അത് കുരുക്കാകും എന്നാണ് സൂചന.

Scroll to Top