
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി. ശബരിമലയില്‍ നടന്നത് സംഘടിതമായ കൂട്ടക്കൊള്ളയാണെന്നും ഭഗവാന്റെ സ്വത്ത് കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണത്തിനും കോടതി നിര്‍ദേശം നല്കി. പ്രത്യേക അന്വേഷണസംഘം സമര്‍പിച്ച അന്വേഷണരേഖകള്‍ പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം. എസ്ഐടി രേഖകളില്‍ പ്രഥമദൃഷ്ട്യാ തന്നെ കൂട്ടക്കവര്‍ച്ച നടന്നു എന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ പ്രതിയായ, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എ.പത്മകുമാറിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഉന്നത സ്വാധീനമുള്ള പത്മകുമാര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആദ്യഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ച കെപി ശങ്കരദാസ് പെട്ടെന്നാണ് അസുഖ ബാധിതനായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും ശങ്കരദാസിന്റെ അറസ്റ്റ് മനഃപൂര്‍വ്വം വൈകിച്ചെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ഡിസംബര്‍ 5 മുതല്‍ 19 വരെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന മുന്‍ നിരീക്ഷണം ഹൈക്കോടതി ആവര്‍ത്തിച്ചു. മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിയിലാണ് നിരീക്ഷണം ആവര്‍ത്തിച്ചത്. മുരാരി ബാബുവിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോറ്റി ജയിലില്‍ തുടരും.



