22 മാസത്തെ യുദ്ധക്കെടുതിക്ക് വിരാമമാകുന്നു; ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു., ബന്ദികളെ രണ്ടുഘട്ടമായി മോചിപ്പിക്കും.

കെയ്‌റോ: ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥരുടെ നേതൃത്വത്തില്‍ ഗസ്സയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതോടെ ഗസ്സയില്‍ യുദ്ധം അവസാനിച്ചേക്കും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് ഹമാസ് ഭേദഗതികളൊന്നും കൂടാതെ അംഗീകാരം നല്‍കിയത്. ബന്ദി മോചനം കൂടി ഉള്‍പെടുന്നതാണ് പുതിയ വെടിനിര്‍ത്തല്‍ കരാര്‍. രണ്ടുഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ 22 മാസമായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും.

ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തലിനും തുടര്‍ന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഈജിപ്ത്-ഖത്തര്‍ നിര്‍ദേശം ഹമാസ് തത്വത്തില്‍ സമ്മതിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്

അതേസമയം ഇസ്രയേല്‍ പുതിയ നിര്‍ദേശത്തോട് യോജിക്കുമോ എന്ന് വ്യക്തമല്ല. ഹമാസ് ആയുധങ്ങള്‍ വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കെയ്റോയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി എത്തിയിരുന്നു. ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ചും ദീര്‍ഘകാല വെടിനിര്‍ത്തലിനെക്കുറിച്ചും ഹമാസും ഇസ്രയേലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ താല്‍ക്കാലികമായി ആരംഭിക്കാനും പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ നിര്‍ദേശമുണ്ട്. അതുവരെ മേഖലയില്‍ തല്‍സ്ഥിതി തുടരുമെന്ന് യുഎസ് രേഖാമൂലമുള്ള ഉറപ്പ് നല്‍കാനും പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നാണ് സൂചന.

Scroll to Top