
തിരുവനന്തപുരം: സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്ന പ്രസംഗത്തിന് കയ്യടിച്ചെന്ന പേരില്‍ മലപ്പുറത്തെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറെ താക്കീത് ചെയ്തു. മലപ്പുറം ഹോമിയോ ഡിഎംഒ ആയ ഡോക്ടര്‍ ഹന്ന യാസ്മിനെതിരെയാണ് നടപടി. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ് താക്കീത് നല്‍കിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഡോ.ഹന്ന യാസ്മിനെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
2023 ജൂണില്‍ മലപ്പുറം കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സംഭവം നടന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു പ്രസംഗത്തിന് അവര്‍ കയ്യടിച്ചു എന്നതാണ് കുറ്റം. യോഗത്തിനിടയില്‍ പലര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ അവസരത്തില്‍ അവിടെ ഉണ്ടായിരുന്ന പ്രതിനിധികളില്‍ ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കൂട്ടത്തില്‍ കുറെ ആളുകള്‍ കൈയടിച്ചു. ആ കൈയ്യടിച്ചവരുടെ കൂട്ടത്തില്‍ ഡിഎംഒ ആയ ഡോക്ടര്‍ ഹന്ന യാസ്മിനും ഉള്‍പ്പെട്ടിരുന്നു. സംഭവം നടന്നതിനെ തുടര്‍ന്ന് പിന്നീട് തെളിവെടുപ്പടക്കം നടത്തിയിരുന്നു.
യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ യോഗനടപടികള്‍ കഴിഞ്ഞു എന്ന ധാരണയില്‍ അറിയാതെ കയ്യടിച്ചു പോയതാണെന്നാണ് ഹന്ന യാസ്മിന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ജില്ലാകളക്ടറും എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയിലും അതിലുപരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താക്കീത് ചെയ്തിരിക്കുന്നത്.



