
പാരീസ്: ചരിത്രപ്രസിദ്ധമായ ലൂവ്ര മ്യൂസിയത്തില്‍ നടന്ന അതിവേഗത്തിലുള്ള മോഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഹോളിവുഡ് സിനിമകളെ പോലും അമ്പരപ്പിക്കുന്ന വേഗതയിലും കൃത്യതയിലുമാണ് മോഷണം നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനകം തന്നെ മോഷണം നടന്നു. മ്യൂസിയത്തിന്റെ തെക്കുകിഴക്ക് വശത്തുള്ള റോഡില്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കള്‍ ബാല്‍ക്കണിയിലേക്കു കയറി. മ്യൂസിയത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മോഷ്ടാക്കളില്‍ ചിലര്‍ തൊഴിലാളികളുടെ വേഷത്തിലാണ് എത്തിയത്. ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കള്‍ ചില്ലുകൂടുകള്‍ തകര്‍ത്തു 9 രത്‌നങ്ങള്‍ കവര്‍ന്നു. രക്ഷപ്പെടുന്നതിനിടെ ഒരു രത്‌നം വഴിയില്‍ നഷ്ടമാകുകയും ചെയ്തു.
പട്ടാപ്പകല്‍ നടന്ന പെരുംകൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മോഷ്ടാക്കളിലൊരാള്‍ രത്‌നങ്ങള്‍ പ്രദര്‍ശനത്തിനായി സൂക്ഷിച്ച ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫ്രാന്‍സിലെ ബിഎഫ്എംടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണത്തിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി 60 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അപ്പോളോ ഗാലറിയില്‍ 23 രത്‌നാഭരണങ്ങളാണു പ്രദര്‍ശനത്തിനുള്ളത്.’വിലമതിക്കാനാകാത്ത പൈതൃക മൂല്യം’ ഉള്ള വസ്തുക്കളാണ് നഷ്ടമായതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. അതിവേഗത്തിലും കൃത്യതയോടെയും നടത്തിയ മോഷണമെന്നാണ് മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്‌പ്ലേ ബോര്‍ഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാര്‍ഡുമാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ആംഗിള്‍ ഗ്രൈന്‍ഡറുകള്‍ ഉപയോഗിച്ചാണ് ഡിസ്‌പ്ലേ ഗ്ലാസുകള്‍ തകര്‍ത്തത്. രക്ഷപ്പെടുന്നതിനിടെ തടയാനെത്തിയ ഗാര്‍ഡുമാരെ ഇതു കാട്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തോടെ ഫ്രാന്‍സിലെ മ്യൂസിയങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ മാസം ഫ്രാന്‍സിലെ രണ്ടു മ്യൂസിയങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. പാരിസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍നിന്നു മോഷണം പോയത് 6 ലക്ഷം യൂറോയുടെ സ്വര്‍ണമാണ്. ലിമോഷിലെ പോസെലിന്‍ മ്യൂസിയത്തില്‍നിന്ന് 65 ലക്ഷം യൂറോയുടെ സാധനങ്ങളും കവര്‍ന്നിരുന്നു.



