പി.എം ശ്രീ; സിപിഐഎമ്മിന്റെ അനുനയം തള്ളി സിപിഐ; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; നിലപാടില്‍ നിന്ന് ഒരിഞ്ച് പിന്നോക്കം പോകാതെ സിപിഐ

ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോകാതെയും സിപിഐഎമ്മിന്റെ അനുനയത്തിന് വഴങ്ങാതെയും സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയ അനുനയനീക്കവും പാളിയതോടെ സിപിഐ മന്ത്രിമാര്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം.

ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുക്കാല്‍ മണിക്കൂറോളമാണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനുശേഷം സിപിഐ മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ് എന്നിവരും മുഖ്യമന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തി. ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ യോജിച്ചില്ലെന്നാണ് സൂചന.

ഇതിനു ശേഷം ഗസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേര്‍ന്നു. പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ച യോഗത്തിലുണ്ടായി. പ്രധാന ഘടകകക്ഷിയായ സിപിഐയെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടിയില്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. അതേസമയം, പിഎംശ്രീ വിഷയം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്.

ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലര്‍ പ്രകടിപ്പിച്ചു. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാര്‍.

Scroll to Top