മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പിതാവ് കുറ്റക്കാരന്‍; ഹമീദിനെതിരായ ശിക്ഷ മറ്റന്നാള്‍ വിധിക്കും; ക്രൂര കൊലപാതകം സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍

തൊടുപുഴ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും ചുട്ടുകൊന്ന കേസില്‍ പിതാവ് ഹമീദ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇടുക്കി ചീനിക്കുഴിയില്‍ വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദ് എന്ന 82കാരനെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഹമീദിനുള്ള ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. 2022 മാര്‍ച്ച് 19-നായിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്.

ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍(45), ഫൈസലിന്റെ ഭാര്യ ഷീബ, മക്കളായ മെഹര്‍(16), അഫ്സാന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തേ ഫൈസലിന് ഇഷ്ടദാനം നല്‍കിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് അതിദാരുണമായ കൂട്ടക്കൊലയില്‍ കലാശിച്ചത്.

ഫൈസലും കുടുംബവും ഉറങ്ങുന്നതിനിടെ ഹമീദ് വീടിന് തീയിടുകയായിരുന്നു. ആരും രക്ഷപ്പെടാതിരിക്കാനായി വീടിന്റെ വാതിലുകളെല്ലാം അടച്ചശേഷം ഹമീദ് പുറത്തിറങ്ങിപ്പോകുകയും ചെയ്തു. വെള്ളം ഉപയോഗിച്ച് തീയണയ്ക്കാതിരിക്കാന്‍ വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കിവിടുകയും പൈപ്പ് കണക്ഷന്‍ വിച്ഛേദിക്കുകയും
ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി വീടിന് തീകൊളുത്തിയത്. തീ ആളിക്കത്താനായി പെട്രോള്‍ നിറച്ച ഒട്ടേറെ കുപ്പികളാണ് പ്രതി വീട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. വീടിന് തീപ്പിടിച്ചത് കണ്ട് ഫൈസലും കുടുംബവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന് പിന്നാലെ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Scroll to Top