
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനത്തിനിടെ യു.എസ് നാവികസേനാ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലില്‍ തകര്‍ന്നു വീണു. നിരീക്ഷണ പറക്കലിനിടെ വ്യത്യസ്ത സമയങ്ങളിലാണ് തകര്‍ന്നു വീണത്. എംഎച്ച് 60 ആര്‍ ഹെലികോപ്ടറും ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനവുമാണ് തകര്‍ന്നത്. ആളപായമുണ്ടായിട്ടില്ല. വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.
ഹെലികോപ്ടറും യുദ്ധവിമാനവും തകര്‍ന്നു വീഴാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. എഫ്എ18 എഫ് വിമാനത്തിന്റെ വില 60 മില്യന്‍ (ഏകദേശം 528 കോടി) യുഎസ് ഡോളറാണ്. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയായ നിമിറ്റ്‌സ് അടുത്തവര്‍ഷം സര്‍വീസില്‍നിന്ന് പിന്‍വലിക്കാനിരിക്കുകയാണ്.
ഏഷ്യയില്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി തായ്ലന്‍ഡും കംബോഡിയയും കഴിഞ്ഞ ദിവസം സമാധാന കരാര്‍ ഒപ്പിട്ടിരുന്നു. മലേഷ്യയില്‍ ഇന്നലെയെത്തിയ ട്രംപ് ആസിയാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും കൂടി സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.



