കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; കമ്മിറ്റിയില്‍ എ.കെ ആന്റണിയും; നീക്കം തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്.

FILE IMAGE

ന്യൂഡല്‍ഹി: കേരളത്തില്‍ വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. 17 അംഗ കോര്‍ കമ്മിറ്റിയെയാണ് എഐസിസി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തമാസത്തോടെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2026ല്‍ വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ കോര്‍ കമ്മിറ്റി നേതൃത്വം പ്രഖ്യാപിച്ചത്.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണു പുതിയ കോര്‍ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കണ്‍വീനര്‍. സമിതിയില്‍ എ.കെ.ആന്റണിയും ഷാനിമോള്‍ ഉസ്മാനും ഉള്‍പ്പെട്ടിട്ടുണ്ട്.

സണ്ണി ജോസഫ്, വി.ഡി.സതീശന്‍, എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.മുരളീധരന്‍, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.പി.അനില്‍ കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് അംഗങ്ങള്‍.

പ്രസിഡണ്ടിനും 3 വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയില്‍ 13 വൈസ് പ്രസിഡണ്ടുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യ സമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോര്‍ കമ്മിറ്റിയെ ഏകോപനച്ചുമതല ഏല്‍പിക്കുന്നത്.

Scroll to Top