രക്താര്‍ബുദ ചികിത്സയ്ക്ക് കാര്‍-ടി സെല്‍ തെറാപ്പി; പുത്തന്‍ നാഴികക്കല്ല് സൃഷ്ടിച്ച് മേയ്ത്ര ഹോസ്പിറ്റല്‍., കാന്‍സര്‍ ചികിത്സയുടെ ഭാവി

കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം കുറിച്ചിരിക്കുകയാണ് മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പി നടപ്പാക്കിയാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് മേയ്ത്ര പുത്തന്‍ നാഴികക്കല്ല് സ്ഥാപിച്ചത്. ‘കൈമേറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി-സെല്‍ തെറാപ്പി’
(Chimeric Antigen Receptor T-Cell Therapy) ആണ് കാര്‍ ടി സെല്‍ തെറാപ്പി എന്നറിയപ്പെടുന്നത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോ തെറാപ്പി, ലോകമെമ്പാടും കാന്‍സര്‍ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകള്‍ ശേഖരിച്ച്, അവയെ ജനിതക മാറ്റം വരുത്തി കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നതാണ് കാര്‍ ടി സെല്‍ സാങ്കേതികവിദ്യ. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനല്‍കി, അര്‍ബുദത്തെ നേരിട്ട് ആക്രമിക്കാന്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. പരമ്പരാഗത ചികിത്സാ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്ത ഘട്ടങ്ങളില്‍ പോലും പ്രതീക്ഷയുടെ വാതില്‍ തുറക്കുന്ന ഈ രീതി, ആധുനിക കാന്‍സര്‍ ചികിത്സയുടെ പുതിയ മുഖമാണ്.

മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. അജയ് ശങ്കര്‍, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മള്‍ട്ടി-ഡിസിപ്ലിനറി സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നല്‍കിയത്. ആഗോള നിലവാരത്തിലുള്ള ഈ ചികിത്സ ലഭ്യമാക്കുന്നതിലൂടെ, മേയ്ത്ര ഹോസ്പിറ്റല്‍ കേരളത്തില്‍ കാന്‍സര്‍ ചികിത്സയുടെ പുതിയ വഴികള്‍ തുറന്നിരിക്കുകയാണ്.

Scroll to Top