
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനം നടത്തിയ പ്രതികളായ ഭീകരര്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. ചുവന്ന നിറത്തിലുള്ള ഇക്കോ സ്‌പോര്‍ട്ട് കാറിനായി കഴിഞ്ഞ ദിവസം മുതല്‍ അന്വേഷണ ഏജന്‍സികളും പൊലീസും തിരച്ചിലിലായിരുന്നു. ഡി.എല്‍ 10 സി.കെ 0458 എന്ന നമ്പരിലുള്ള കാറിന്റെ ഉടമ സ്‌ഫോടനക്കേസ് പ്രതി ഡോ.ഉമര്‍ നബിയാണ്. ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. അല്‍ ഫലാ സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായി ഫരീദാബാദ് പൊലീസാണ് കാര്‍ കണ്ടെത്തിയത്.
സ്‌ഫോടനം നടത്തിയ ഭീകരര്‍ രണ്ടു കാറുകള്‍ വാങ്ങിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്കു സംശയമുണ്ടായിരുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉമര്‍ ഈ വാഹനം ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. വ്യാജ വിലാസത്തിലാണ് കാര്‍ വാങ്ങിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വീടിന്റെ വിലാസമാണ് ഉമര്‍ കാര്‍ വാങ്ങുന്നതിനായി നല്‍കിയതെന്നും പോലീസ് ആ വിലാസത്തില്‍ രാത്രി വൈകി റെയ്ഡ് നടത്തിയതായും വൃത്തങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്‌ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.



