
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയെ പരിഗണിക്കാതെയാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഒരാളൊഴികെ എല്ലാവരും പുതുമുഖ സ്ഥാനാര്‍ത്ഥികളാണ്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. ദിവ്യയ്ക്കു പകരം കല്യാശ്ശേരി ഡിവിഷനില്‍ വി.വി പവിത്രനാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബിനോയ് കുര്യന്‍ മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പരിചിത മുഖം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായതാണ് ദിവ്യയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ കാരണമായതെന്ന് കരുതുന്നു.
കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനിലും നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ബിനോയ് കുര്യന്‍ പെരളശ്ശേരിയിലും ജനവിധി തേടും. എല്ലാഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പറയാറില്ലെന്നും പാനലില്‍ പ്രസിഡന്റാകാന്‍ യോഗ്യതയുള്ള പലരുമുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
കരിവെള്ളൂരില്‍ എ.വി. ലേജു, മാതമംഗലത്ത് രജനി മോഹന്‍, പേരാവൂരില്‍ നവ്യ സുരേഷ്, പാട്യത്ത് ടി. ശബ്ന, പന്ന്യന്നൂരില്‍ പി. പ്രസന്ന, കതിരൂരില്‍ എ.കെ. ശോഭ, പിണറായിയില്‍ കെ. അനുശ്രീ, പെരളശ്ശേരിയില്‍ ബിനോയ് കുര്യന്‍, അഞ്ചരക്കണ്ടിയില്‍ ഒ.സി ബിന്ദു, കൂടാളിയില്‍ പി.പി റെജി, മയ്യിലില്‍ കെ. മോഹനന്‍, അഴീക്കോട് കെ.വി. ഷക്കീല്‍, കല്യാശ്ശേരി വിവി പവിത്രന്‍, ചെറുകുന്ന് എംവി ഷിമ, പരിയാരത്ത് പി. രവീന്ദ്രന്‍, കുഞ്ഞിമംഗലത്ത് പി.വി ജയശ്രീ ടീച്ചര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.



