
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി കേരളത്തില്‍ തത്കാലം നടപ്പാക്കില്ലെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. പദ്ധതി സംസ്ഥാനത്ത് താത്കാലികമായി മരവിപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേരളം കത്തയച്ചത്. പദ്ധതിയെക്കുറിച്ചു പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാന്‍ കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കത്തു നല്‍കിയത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിക്കാന്‍ സിപിഐ മന്ത്രിമാര്‍ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് കച്ചയച്ചത്.
അതേസമയം, ഒപ്പിട്ട ധാരണാ പത്രത്തില്‍നിന്നു പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നതു കാത്തിരുന്നു കാണേണ്ടിവരും. പദ്ധതിയില്‍ ഒപ്പിട്ടതിനു പിന്നാലെ 92 കോടി രൂപ കേന്ദ്രം കേരളത്തിനു നല്‍കിയിരുന്നു. ബാക്കി തുക കൂടി അടുത്തു തന്നെ ലഭിക്കാനിരിക്കെയാണ് ഇപ്പോള്‍ കത്തു നല്‍കിയിരിക്കുന്നത്. ഇതോടെ ശേഷിക്കുന്ന തുക ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമായി.
പിഎം ശ്രീ മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടും കത്ത് അയയ്ക്കാന്‍ വൈകുന്നതില്‍ സിപിഐ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കത്ത് അയച്ചത്. കഴിഞ്ഞ മാസം മന്ത്രിസഭയിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഡല്‍ഹിയിലെത്തി കരാര്‍ ഒപ്പിട്ടതു വന്‍ വിവാദമായിരുന്നു. വിഷയത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ എന്നും ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്നുമുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്. സിപിഎമ്മും സര്‍ക്കാരും വഴങ്ങാതെ വന്നതോടെ മന്ത്രിസഭയില്‍നിന്നു വിട്ടു നില്‍ക്കുമെന്ന സിപിഐയുടെ ഭീഷണിയിലാണ് സിപിഎം വഴങ്ങിയത്.



