ശബരിമല സ്വര്‍ണക്കവര്‍ച്ച; അന്വേഷണം മുന്‍ ദേവസ്വം പ്രസിഡണ്ട് എ.പദ്മകുമാറിലേക്കും; ദേവസ്വം ബോര്‍ഡിനെ കുരുക്കി വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്‌തേക്കും. സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഹാജരാകാന്‍ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടീസ് നല്‍കിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം.

സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്‍.വാസു സ്വര്‍ണം ചെമ്പാക്കിയത് ബോര്‍ഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാസു കവര്‍ച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനും കുരുക്ക് മുറുക്കുന്നത്.

അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അഴിമതി നിരോധന വകുപ്പുകള്‍ ചുമത്തി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഈ സാഹചര്യത്തില്‍ കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുരാരി ബാബു സമര്‍പ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റി വെച്ചു.

Scroll to Top