അതീവ ഗുരുതര സുരക്ഷാ വീഴ്ച; എരമല്ലൂരില്‍ ഉയരപ്പാതയുടെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു; ഗര്‍ഡര്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി ഗര്‍ഡര്‍ നിലം പതിച്ചു.

തുറവൂര്‍: അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് ഗര്‍ഡര്‍ പിടിവിട്ട് താഴേക്ക് പതിച്ച് വാഹനത്തിനു മുകളില്‍ പതിച്ച് ഡ്രൈവര്‍ മരിച്ചു. എരമല്ലൂര്‍ ഭാഗത്താണ് അപകടമുണ്ടായത്. താഴെ റോഡിലൂടെ പോയ പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡര്‍ പതിച്ചത്. പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് റോഡ് അടയ്ക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.

മൂന്ന് ഗര്‍ഡറുകളാണ് ഈ ഭാഗത്ത് സ്ഥാപിച്ചത്. ഇതില്‍ ഒരെണ്ണം പൂര്‍ണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. പ്രദേശത്ത് അപകടം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ചുദിവസം മുന്‍പും അപകടമുണ്ടായിരുന്നു. ഓരോ തവണ അപകടമുണ്ടാകുമ്പോഴും പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ നടപടിയൊന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ കുറ്റപപ്പെടുത്തുന്നു. റോഡ് അടച്ചിട്ട് നിര്‍മാണം നടത്തിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാകില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ഹൈഡ്രോളിക്ക് ജാക്കി തകരാറിലായതാണ് അപകടത്തിന് കാരണം. തൂണുകള്‍ക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയര്‍ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കാറുള്ളത്. എന്നാല്‍ ഇവിടെ ടോള്‍പ്ലാസ വരുന്നയിടമായതിനാല്‍ ലോഞ്ചിങ് ഗാന്‍ട്രി സ്ഥാപിക്കാന്‍ കഴിയില്ല.

ഇതോടെ 2 ക്രെയ്നുകള്‍ ഉപയോഗിച്ചാണ് 32 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചിരുന്നത്. തൂണുകള്‍ക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയര്‍ത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളില്‍ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലാകുകയും ഗര്‍ഡറുകള്‍ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു.

Scroll to Top