എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും മറികടന്ന് ബിഹാറില്‍ എന്‍ഡിഎ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം; ചിത്രത്തില്‍ പോലുമില്ലാതെ ഇടത് പാര്‍ട്ടികള്‍

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരി എന്‍ഡിഎയുടെ തേരോട്ടം. 200 സീറ്റിനടുത്ത് നേടിയാണ് എന്‍ഡിഎ മുന്നേറ്റം. മുഖ്യപ്രതിപക്ഷമായ ഇന്ത്യാ സഖ്യം നാല്‍പതിലധികം സീറ്റില്‍ മാത്രമായി ഒതുങ്ങി. ഇടത് പാര്‍ട്ടികള്‍ ചിത്രത്തില്‍ തന്നെ ഇല്ലാതായി. വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തില്‍ പാടെ പിന്നിലായി. ആകെ 243 സീറ്റുകളില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

എന്‍ഡിഎയില്‍ 86 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവുമാണ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷത്താവട്ടെ, ആര്‍ജെഡി 31 സീറ്റിലും കോണ്‍ഗ്രസ് വെറും 5 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഇടതുകക്ഷികളില്‍ സിപിഐഎംഎല്‍ 6 സീറ്റില്‍ മുന്നിലുണ്ട്. എന്‍ഡിഎക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി 21 സീറ്റില്‍ മുന്നേറ്റം നടത്തി. സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് വീതമാണുള്ളത്. ജന്‍ സുരാജ് പാര്‍ട്ടി മത്സരിച്ച ഇടങ്ങളിലെല്ലാം പിന്നിലായി. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നത്.

സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. 10,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തിച്ചതും മദ്യനിരോധനവും ക്രമസമാധാന നില മെച്ചപ്പെടുത്താനായതും നേട്ടമായി. വോട്ടു ചോരിയെന്ന രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രചാരണം ഏശിയില്ല. ആര്‍ജെഡിക്ക് മാത്രമാണ് മുന്നണിയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. സംഘടനാ സംവിധാനം ദുര്‍ബലമായത് കോണ്‍ഗ്രസിനു തിരിച്ചടിയായി.

Scroll to Top