
പട്‌ന: ബിഹാറിന്റെ മണ്ണില്‍ 2020ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഇടത് പാര്‍ട്ടികള്‍ നേരിട്ടത്. 2020-ല്‍ മത്സരിച്ചതിനേക്കാള്‍ അധികം സീറ്റുകളില്‍ മത്സരിച്ചപ്പോഴും അന്ന് കിട്ടിയ അത്രയും സീറ്റുകള്‍ പോലും നേടാനായില്ല. 33 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ ആകെ എട്ട് സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നടത്താനായത്. അന്ന് 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി കരുത്ത് കാട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ഇത്തവണ എന്‍ഡിഎ കുതിച്ചു കയറ്റം നടത്തി.
സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിഹാറിലെ പ്രബല ഇടതുപാര്‍ട്ടിയായ സിപിഐഎംഎല്‍ കഴിഞ്ഞ തവണ 12 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ ലീഡ് നേടിയത് വെറും 7 സീറ്റുകളില്‍. കഴിഞ്ഞ തവണ രണ്ടു വീതം സീറ്റുകളില്‍ വിജയിച്ച സിപിഎമ്മും സിപിഐയും ഓരോ സീറ്റിലേക്ക് ഒതുങ്ങി. പല ഇടതുകോട്ടകളിലും ബിജെപി ലീഡ് നേടി.
ഇടതുകോട്ടയായിരുന്ന അഗൗന്‍, തരാരി, അര്‍വാള്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളും സിക്ത, സിറാദെ, ഡുംറോണ്‍ മണ്ഡലങ്ങളില്‍ ജെഡിയുവും ബല്‍റാംപുര്‍, ധരൗലി മണ്ഡലങ്ങളില്‍ എല്‍ജെപിയും മികച്ച ലീഡ് നില നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ചതില്‍ ഫുല്‍വാരി, പാലിഗഞ്ച്, കാരാക്കാട്ട്, ഷോഷി എന്നിവ മാത്രമാണ് സിപിഐഎംഎല്ലിനെ കൈവിടാതിരിക്കുന്നത്.
ദേശീയ പാര്‍ട്ടിയായ സിപിഎം കഴിഞ്ഞ തവണ വിജയിച്ച മാഞ്ചിയില്‍ ജെഡിയുവാണ് ഇത്തവണ ലീഡ് ചെയ്യുന്നത്. സിപിഎം സ്ഥാനാര്‍ഥി ഇവിടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ വിജയിച്ച ബിഭൂതിപുരില്‍ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ജെഡിയുവിനേക്കാള്‍ നേരിയ ലീഡ് മാത്രമാണ് സിപിഎമ്മിനുള്ളത്.
സിപിഐ കഴിഞ്ഞ തവണ വിജയിച്ച ടെഗ്രായില്‍ ഇത്തവണ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ സിപിഐ സ്ഥാനാര്‍ഥി ബഹുദൂരം പിന്നിലാണ്. ബക്രിയില്‍ മാത്രമാണ് സിപിഐ ലീഡ് ചെയ്യുന്നത്. അതും ആയിരം വോട്ടുകള്‍ക്ക് താഴെ. എല്‍െജപി സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.



