
ശ്രീനഗര്‍: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ചെങ്കോട്ട സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോ.ഉമര്‍ നബിയുടെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. കശ്മീരിലെ പുല്‍വാമയിലുള്ള വീടാണ് സുരക്ഷാ ഏജന്‍സികള്‍ ഇന്ന് പുലര്‍ച്ചെ തകര്‍ത്തത്. കുടുംബാംഗങ്ങളെ നേരത്തെ വീട്ടില്‍നിന്ന് മാറ്റിയ ശേഷമാണ് നടപടി. ബന്ധുക്കളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ നബിയാണെന്നു കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു.
ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമര്‍ എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ട കാര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട സംഘം നാലു നഗരങ്ങളില്‍ക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നുണ്ട്. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിലാല്‍ (35) എന്നയാള്‍ കൂടി മരിച്ചതോടെ, സ്‌ഫോടനത്തില്‍ മരണം 13 ആയി.
ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമില്‍ അഹമ്മദ് ഗനായി, ഡോ. ഷഹീന്‍ സയീദ്, ഡോ. ആദില്‍ അഹമ്മദ് എന്നിവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ യുപിയിലെ ഹാപുര്‍ ജിഎസ് മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. ഫറൂഖ്, കാന്‍പുര്‍ ജിഎസ്വിഎം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ഡിഎം വിദ്യാര്‍ഥി ഡോ. മുഹമ്മദ് ആരിഫ് മിര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു.
ഡോ. ഷഹീന്‍ സയീദ് സെപ്്റ്റംബര്‍ 25നു വാങ്ങിയ കാര്‍ ഫരീദാബാദ് ധൗജിലെ അല്‍ ഫലാഹ് സര്‍വകലാശാലാ ക്യാംപസില്‍ നിന്നു കണ്ടെത്തി. ഉമര്‍ വാങ്ങിയ മറ്റൊരു കാര്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആക്രമണപദ്ധതിയുടെ ഭാഗമായി ഇവര്‍ കൂടുതല്‍ കാറുകള്‍ വാങ്ങിയിരുന്നോയെന്നും പരിശോധിച്ചു വരുകയാണ്.



