
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബിഹാറിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെയും ബിആര്‍എസിന്റെയും സിറ്റിംഗ് സീറ്റുകള്‍ പ്ിടിച്ചെടുത്താണ് കോണ്‍ഗ്രസ് കരുത്തറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിജെപിയും വിജയിച്ചു. രാജസ്ഥാനില്‍ ബിജെപിയുടെയും തെലങ്കാനയില്‍ ബിആര്‍എസിന്റെയും സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിങ് സീറ്റ് ബിജെപിയും പിടിച്ചെടുത്തു. കോണ്‍ഗ്രസ് 2, ബിജെപി 2, എഎപി 1, പിഡിപി 1, മിസോ നാഷനല്‍ ഫ്രണ്ട് 1, ജെഎംഎം 1 എന്നിങ്ങനെയാണ് സീറ്റ് നില.
തെലങ്കാനയിലെ ജൂബിലിഹില്‍സിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നവീന്‍ യാദവ് ബിആര്‍എസിന്റെ മാഗന്തിയെ 24,729 വോട്ടുകള്‍ക്ക് തോല്‍പിച്ചു. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. ബിആര്‍എസിന്റെ മാഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലെ ആന്റയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജയിന്‍ വിജയിച്ചു. 15,612 വോട്ടുകള്‍ക്കാണ് പ്രമോദ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
ജമ്മു കശ്മീരിലെ ബദ്ഗാം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ഥി ആഗാ സയിദ് മെഹ്ദി ആണ് വിജയിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആഗാ സയിദ് മഹ്‌മൂദിനെ 4,478 വോട്ടുകള്‍ക്കാണ് സയീദ് മെഹ്ദി പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ആറാം സ്ഥാനത്താണ്. ജമ്മു കശ്മീരിലെ നഗ്രോദയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ദേവയാനി റാണയാണ് ഇവിടെ വിജയിച്ചത്.
ഒഡീഷയിലെ നുവാപാഡയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയ് ധൊലാകിയ 83,748 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെഡി അംഗമായിരുന്ന രാജേന്ദ്ര ധോലാകിയ അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ വിജയത്തോടെ മണ്ഡലം ബിജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ജാര്‍ഖണ്ഡിലെ ഗട്‌സീല മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സോമേഷ് ചന്ദ്ര സോറന്‍ വിജയം ഉറപ്പിച്ചു. ബിജെപിയുടെ ബാബുലാല്‍ സോറനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.
പഞ്ചാബിലെ തരന്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഎപിയുെട ഹര്‍മീത് സിംഗ് സന്ധു വിജയിച്ചു. ശിരോമണി അകാലിദളിന്റെ സുക്വീന്ദര്‍ കൗറിനെയാണ് 12,091 വോട്ടുകള്‍ക്ക് എഎപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. മിസോറാമിലെ ദംബയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മിസോ നാഷനല്‍ ഫ്രണ്ടിന്റെ ലാല്‍ തംഗ്ലീന സോറം പീപ്പിള്‍സ് മൂവ്‌മെന്റെ സ്ഥാനാര്‍ഥിയെ 562 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.



