തൃപ്രയാറില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മരണദൂതായി തടിലോറി, 6 മരണം

thrissur accident death

തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞുകയറി, 6 പേര്‍ മരിച്ചു. ജി.കെ തിയേറ്ററിന് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.തീരദേശഹൈവേ നിര്‍മാണം നടക്കുന്ന ഭാഗത്താണ് പന്ത്രണ്ടുപേരടങ്ങുന്ന നാടോടിസംഘം ഉറങ്ങിക്കിടന്നത്.
കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന തടിലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറിയുടെ ക്ലീനര്‍ ആലക്കോട് സ്വദേശി അലക്സ് ആണ് വാഹനമോടിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. വലപ്പാട് അപകടം നടന്ന ഭാഗത്ത് കൃത്യമായ ദിശാസൂചികകള്‍ സ്ഥാപിച്ചിരുന്നെങ്കിലും മദ്യലഹരിയിൽ ഇവര്‍ ഇതു ശ്രദ്ധിച്ചില്ല.തുടർന്ന് റോ‍ഡിൽ ഇട്ടിരുന്ന തെങ്ങിൻ തടികളും കോൺക്രീറ്റ് ബാരിക്കേഡുകളും ലോറി ഇടിച്ച് തെറിപ്പിച്ചു. എന്നിട്ടും ലോറി നിർത്താൻ അലക്സിന് സാധിച്ചില്ല. പിന്നെയും മുന്നോട്ട് പോയ ലോറി നാടോടി സംഘത്തിന് മുകളിലേക്ക് പാഞ്ഞുകയറി. 5 പേര്‍ തല്‍ക്ഷണം മരിച്ചു.

ലോറിയുടെ ക്ലീനര്‍ അലക്സ് അപകടമുണ്ടാക്കിയ ശേഷം ലോറിയുമായി കടന്നുകളയാനാണ് ശ്രമിച്ചത്. സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന യുവാക്കളാണ് ബിഗ്ഷോ എന്ന ലോറി തടഞ്ഞു നിര്‍ത്തിയത്. അലക്സിന് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല.
അപകടമുണ്ടാക്കിയ ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തെന്നും ലോറി ഉടമയ്ക്ക് നോട്ടിസ് നല്‍കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. വാഹനമില്ലാത്തതാണു റോഡിലെ പരിശോധനയ്ക്കു തടസ്സം. വാഹനം ലഭ്യമാക്കണമെന്നു ധനവകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു

Scroll to Top