ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. അട്ടക്കുളങ്ങര ജയിലിനകത്തും കൂസലില്ലാതെയാണ് ഗ്രീഷ്മയുടെ ജീവിതം. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ സഹതടവുകാരോട് പങ്കുവച്ചതായി അധികൃതര്‍ പറയുന്നു.
മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയും ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം ഗ്രീഷ്മയെ കാണാന്‍ ആരും ജയിലില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ അച്ഛനും അമ്മയും കാണാന്‍ എത്തിയെങ്കിലും ഗ്രീഷ്മയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടായില്ല. ഗ്രീഷ്മയോട് സംസാരിക്കുന്നതിനിടെ അച്ഛനും അമ്മയും പലതവണ പൊട്ടിക്കരഞ്ഞെങ്കിലും ഗ്രീഷ്മ കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രീഷ്മക്ക് വസ്ത്രങ്ങള്‍ നല്കിയ ശേഷമാണ് അച്ചനും അമ്മയും മടങ്ങിയത്.
മറ്റ് പ്രതികളെ അപേക്ഷിച്ച് ഗ്രീഷ്മ ഭയങ്കര ബോള്‍ഡാണെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തല്‍. വധശിക്ഷ വിധിച്ചിട്ടും ജീവിതം അവസാനിച്ചെന്ന തോന്നല്‍ ഗ്രീഷ്മയ്ക്കില്ല. ഈ തൂക്കുകയര്‍ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നതെന്ന് സഹതടവുകാരോട് പറഞ്ഞതായാണ് വിവരം. ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷയാണ് പലരോടും പങ്കുവെക്കുന്നത്.
വിധി വരുന്നതിന് മുന്‍പ്, അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ നാളുകളില്‍ 11 മാസം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ജയിലും ജീവനക്കാരെയുമെല്ലാം ഗ്രീഷ്മയ്ക്ക് നല്ല പരിചയമാണ്. ഒറ്റപ്പെട്ടുപോയ തോന്നലുമില്ലാതെയാണ് ഗ്രീഷ്മയുടെ ജീവിതം. വിധി കഴിഞ്ഞുള്ള ആദ്യ ദിവസമായതുകൊണ്ട് ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നും നല്‍കിയിട്ടില്ല. മുന്‍പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇങ്ങനെയുളളവര് സുപ്രീംകോടതി വരെ അപ്പീല്‍ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്. സെല്ലിനകത്ത് ചിത്രംവരച്ച് കഴിയുകയാണ് ഗ്രീഷ്മ. നേരത്തെ ജയിലില്‍ കഴിയുന്ന സമയത്ത് ജയിലിലെ കലാപരിപാടികളിലെല്ലാം ഗ്രീഷ്മയുടെ ഡാന്‍സുണ്ടായിരുന്നു.
സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും ലഭിക്കും. പക്ഷെ ഇവര്‍ക്ക് മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും.വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവര്‍ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കി വീണ്ടും ജയിലില്‍ എത്തിച്ചത്. ശിക്ഷിക്കപ്പെട്ടതിനാല്‍ ഇനി ജയിലിലെ ജോലികള്‍ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിര്‍മ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക.
അതേസമയം ഗ്രീഷ്മയുടെ വധശിക്ഷ ഹൈക്കോടതി കുറച്ചാലും ജീവിതകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു…