
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പുതിയ പ്രതിനിധി സംഘത്തെ അയക്കണമെന്ന നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരുടെ അടക്കം ആറ് പ്രതിനിധികളെ അയക്കണമെന്ന ആവശ്യമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയത്. ചര്‍ച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.
നിമിഷപ്രിയയുടെ വധശിക്ഷ താല്‍കാലികമായി നിര്‍ത്തിവെക്കുകയും എന്ന് നടപ്പാക്കുമെന്ന് തീയതി പ്രഖ്യാപിക്കാത്തതുമായ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തില്‍ ആറു പേര്‍ ഉണ്ടായിരിക്കണമെന്നും ഇതില്‍ കാന്തപുരം, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍, ആക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ രണ്ടു വീതം പ്രതിനിധികള്‍ ഉണ്ടാകണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരില്‍ തര്‍ക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങള്‍ക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തില്‍ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം.



