
ഒരു ചരിത്രം പിറക്കുകയാണ് മലയാള സിനിമയില്‍. മലയാളം ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മ ആദ്യമായി ആ പേരിനോട് നീതി പുലര്‍ത്തുന്ന ഒരു തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നു, അമ്മയുടെ ഭാരവാഹിത്വത്തിലേക്ക്. അമ്മ സംഘടനയെ ഇനി നയിക്കാന്‍ പോകുന്നത് രണ്ടു വനിതകളാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡണ്ടായിരിക്കുന്നു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതാ ഈ നിമിഷം അമ്മ ഒരു സ്ത്രീയായിരിക്കുന്നു എന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോന്റെ ആദ്യ പ്രതികരണം. വാശിയേറിയ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അരപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും താരഹിതം ചരിത്രമായിരുന്നു. അമ്മയുടെ ചരിത്രത്തിലും ആദ്യമായാണ് ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി നടക്കുന്നത്.
സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ചേരിപ്പോരാണ് ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായത്. ദേവനായിരുന്നു അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതയുടെ എതിരാളി. 233 വനിതാ അംഗങ്ങളടക്കം വോട്ടവകാശമുള്ള 507 അംഗങ്ങളില്‍ 298 പേരാണ് ഇക്കുറി വോട്ട് ചെയ്യാനെത്തിയത്. എല്ലാ വിവാദങ്ങള്‍ക്കും നടുവില്‍ അമ്മയുടെ സംഘടനാ തലപ്പത്തേക്ക് ഒരു വനിത എത്തുന്നു എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിനെ വേറിട്ട് നിര്‍ത്തിയതും. അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയിലെ ആണധികാര പ്രവണതയെ ചോദ്യം ചെയ്യുന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 31 വര്‍ഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തിക്കുറിക്കപ്പെടുന്നത്.
ആദ്യം ഒരു വര്‍ഷത്തിനിടെ തന്നെ അമ്മയില്‍ രണ്ട് ജനറല്‍ ബോഡിയും ഒരു തെരഞ്ഞെടുപ്പും നടക്കാനിടയായ സാഹചര്യം കൂടി കാണണം. സിനിമയ്ക്കുള്ളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഈ സംഭവങ്ങള്‍ക്കെല്ലാം ആധാരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 27നാണ് അന്നത്തെ ഭരണസമിതി രാജിവച്ച് ഒഴിഞ്ഞത്. ഇതോടെ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും അമ്മയുടെ തലപ്പത്തേക്ക് വനിതകളെത്തട്ടെ എന്ന നിലപാടുയരുകയും ചെയ്തു. അങ്ങനെയാണ് ശ്വേതാ മേനോന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പിക്കുന്നതും പിന്നീട് നടന്ന സമാനതകളില്ലാത്ത ചേരിപ്പോരിന് കളമൊരുങ്ങിയതും.
ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങള്‍ക്കാണ് ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോനെതിരെ പരാതി വരുകയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇവയെല്ലാം അതിജീവിച്ചുള്ള ശ്വേതയുടെ അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇരട്ടി തിളക്കമുണ്ട്. സാമ്പത്തിക ലാഭത്തിനായി അശ്ലീലരംഗങ്ങളില്‍ അഭിനയിച്ച് അത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് കാട്ടി മാര്‍ട്ടിന്‍ മേനാച്ചേരി ജൂലായ് 31-നാണ് ശ്വേതാ മേനോനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ പരാതി നല്‍കിയത്. തുടര്‍ന്നങ്ങോട്ട് കേരളം സിനിമാ മേഖലയില്‍ കണ്ടത് വലിയ രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളായിരുന്നു. ശ്വേതയ്‌ക്കെതിരായ പരാതിക്കു പിന്നില്‍ നടന്‍ ബാബുരാജാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ വികാരാധീനനായി ബാബുരാജ് രംഗത്തെത്തിയിരുന്നു. ഒടുവില്‍ അമ്മ പുതിയ ഭരണസമിതി തങ്ങളുടെ ആദ്യ അജണ്ടയായി ശ്വേതയ്‌ക്കെതിരായ കേസ് തന്നെ അന്വേഷിക്കട്ടെ എന്നാണ് ബാബുരാജ്, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനോടുള്ള ആദ്യ പ്രതികരണമായി പറഞ്ഞത്.
എന്തായാലും താരസംഘടനയുടെ പുതിയ തെരഞ്ഞെടുപ്പ് ചരിത്രമാകുകയാണ്. പുതിയ ഭരണസമിതിക്ക് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കാനാകട്ടെ. അകന്നു പോയവരെ അടുപ്പിച്ചു നിര്‍ത്താനും സംഘടനയെ കൃത്യമായ ദിശാബോധത്തോടെ നയിക്കാനും പെണ്‍കരുത്തിന് സാധിക്കട്ടെ. ജനറല്‍ സെക്രട്ടറിയായി വിജയിച്ച കുക്കു പരമേശ്വരനാകട്ടെ ഈ വിജയത്തോടെ സംഘടനയിലെ തന്റെ വിശ്വാസ്യത ഒന്നു കൂടി തെളിയിക്കുകയും ചെയ്തു.



