തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്്മ തുറന്നു കാട്ടപ്പെട്ടു; രാഹുലിന്റെ ഒരു ചോദ്യത്തിനു പോലും മറുപടിയില്ല., കമ്മീഷനെ പരിഹസിച്ച് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങളെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം കമ്മീഷന്റെ കഴിവില്ലായ്മ തുറന്നു കാട്ടുന്നതായിരുന്നെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രകടമായ പക്ഷപാതം പൂര്‍ണമായി തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ് ഈ വാര്‍ത്താസമ്മേളനത്തിലൂടെ. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും വിവേചനമില്ലെന്ന കമ്മീഷന്റെ പ്രസ്താവന തികച്ചും പരിഹാസ്യമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ആഗസ്ത് 14ലെ സുപ്രീംകോടതി ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുമോ എന്നും ജയറാം രമേശ് ചോദിച്ചു.

രാഹുലിന്റെ ആരോപണങ്ങളെ നിസ്സാരമായി തള്ളിക്കളഞ്ഞ കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തെ പരിഹസിക്കുന്നതായിരുന്നു ജയറാം രമേശിന്റെ വാക്കുകള്‍. ”ഇന്ന്, രാഹുല്‍ഗാന്ധി സസാറാമില്‍ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ ഒരു വിവേചനവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇതു വളരെ പരിഹാസ്യമാണ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ചോദ്യത്തിനും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അര്‍ഥവത്തായ ഉത്തരം നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.” എക്സ് പോസ്റ്റില്‍ ജയറാം രമേശ് പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. വോട്ട് കൊള്ള എന്ന ആരോപണം തെറ്റാണെന്നും വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പുറത്തുവിട്ടതിലൂടെ രാഹുല്‍ ഗാന്ധി അവരുടെ സ്വകാര്യത ലംഘിച്ചെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ല. വ്യാജ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞിരുന്നു.

Scroll to Top