
കണ്ണൂര്‍: ധാരണാപത്രം ഒപ്പുവച്ച സ്ഥിതിക്ക് പിഎം ശ്രീയില്‍ നിന്ന് കേരള സര്‍ക്കാരിന് ഏകപക്ഷീയമായി പിന്‍മാറാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് വരെ ഒഴിവായി നിന്ന് ഒളിച്ചുകളിക്കാനാണ് സിപിഐഎം നീക്കമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സിപിഐക്കാരെ മയക്കുവെടി വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ മയക്കിക്കിടത്താനാണ് നീക്കം. കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുകയാണ് സിപിഐഎമ്മിന്റെ കുതന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കാനാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞിട്ടുള്ളത്. അതില്‍ നിന്നെല്ലാം പുറകോട്ട് പോയി ദേശീയ വിദ്യാഭ്യാസ നയം ഗുണകരമാണെന്ന് വാദിച്ചതിലാണോ അതോ സിപിഐ പ്രതിഷേധിച്ചതിലാണോ വേദന എന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കണം. സിപിഎം ആണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിന്റെ മറവില്‍ ശബരി മല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ 2500 ഉം റബര്‍ താങ്ങുവില 250 ഉം ആക്കുമെന്നാണ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നാമമാത്രമായ വര്‍ധനവ് ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. സംസ്ഥാനത്തിന് പൈസയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ധനകാര്യമന്ത്രി പറയുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം അപര്യാപ്തമാണ്. സമരത്തെ സര്‍ക്കാര്‍ അധിക്ഷേപിക്കാനും അവഗണിക്കാനുമാണ് ശ്രമിച്ചതെന്നും സമരത്തിന്റെ രീതിയില്‍ മാറ്റമുണ്ടാകുമെന്നും പ്രതിപക്ഷ പിന്തുണയോടെ സമരം തുടരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



