കാമുകനെയും സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് ക്ഷണിച്ച് പെണ്‍കുട്ടി; എതിര്‍ത്ത അമ്മയെ മകളും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി.

ബംഗളൂരു: കാമുകനെയും സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് ക്ഷണിച്ചത് എതിര്‍ത്തതിന് മകളും സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയെ കൊന്നു കെട്ടിത്തൂക്കി. പിന്നാലെ കാമുകനും കൂട്ടുകാര്‍ക്കും ഒപ്പം നാടുവിട്ട പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ താമസിക്കുന്ന നേത്രാവതി എന്ന 34കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളുടെ കൂട്ടത്തില്‍ ഒരു ഏഴാം ക്ലാസുകാരനും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

നേത്രാവതിയുടെ മകള്‍ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടില്‍ വരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബര്‍ 24ന്, പെണ്‍കുട്ടി സമീപത്തെ മാളില്‍ വച്ച് കാമുകനെയും സുഹൃത്തുക്കളെയും കാണുകയും എല്ലാവരെയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാല്‍ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം അടുത്ത ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി.

എന്നാല്‍ ഈ സമയം ഉണര്‍ന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി. പിന്നാലെ പെണ്‍കുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെട്ടു.

ജോലി ആവശ്യാര്‍ത്ഥം ബംഗളൂരുവിലായിരുന്ന നേത്രാവതിയുടെ പങ്കാളി ഇവരെ കാണാനായി വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു. ഫോണിലും കിട്ടിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത നേത്രാവതിയുടെ പങ്കാളിയെ വിളിച്ചു. ഈ സമയത്താണ് നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാല്‍ താന്‍ തിരികെ പോന്നുവെന്നും യുവാവ് പറഞ്ഞത്. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ നേത്രാവതിയെ കണ്ടത്.

മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തില്‍ നേത്രാവതി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. ഒക്ടോബര്‍ 29ന് നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പെണ്‍കുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. സംശയം തോന്നിയതോടെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റംസമ്മതിച്ചു.

Scroll to Top