
ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ യാത്രാ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം സിഗ്നല്‍ ലംഘിച്ചതെന്ന് പ്രാഥമിക നിഗമനം. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് (റെഡ് സിഗ്‌നല്‍) മറികടന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചുവപ്പ് സിഗ്‌നല്‍ കണ്ടിട്ടും ട്രെയിന്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്നാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അന്വേഷിക്കുക. അപകടത്തിന്റെ കാരണം കണ്ടെത്താനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനും ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തുകയെന്നും റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്‌റയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ ഗതോറയ്ക്കും ബിലാസ്പുര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയില്‍ വെച്ച് മുന്നില്‍ പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മെമുവിന്റെ മുന്നിലെ കോച്ച് ഗുഡ്സ് ട്രെയിനിന്റെ മുകളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ആദ്യത്തെ മൂന്നുകോച്ചുകളില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
അപകടം നടന്ന ഈ റൂട്ടില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞയുടന്‍ റെയില്‍വേ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംഭവസ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
റെയില്‍വേ അധികൃതര്‍ ദുരിതബാധിതരായ യാത്രക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഏകോപനവും നല്‍കുന്നുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും, നിസ്സാര പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ സഹായധനവും നല്‍കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചു.



