ആവേശോജ്ജ്വലം; ഒന്നാംഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് കലാശക്കൊട്ട്; ഏഴുജില്ലകള്‍ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല പരിസമാപ്തി. ആവേശോജ്ജ്വല റോഡ്‌ഷോകളും റാലികളുമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തെരുവില്‍ നിറഞ്ഞാടി. ഏഴുജില്ലകളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്. പരസ്യപ്രചാരണം കലാശം കൊട്ടിയതോടെ നാളെ ഒരുദിവസം മുഴുവന്‍ നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 13 നാണ് വോട്ടെണ്ണല്‍. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28) എന്നിങ്ങനെയാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ എണ്ണം.

വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തും.

Scroll to Top