റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ വെട്ടിക്കുറച്ചേക്കും; ട്രംപിന്റെ ഉപരോധപ്പൂട്ട് ഏശുന്നു; പുനഃപരിശോധനയ്ക്ക് റിലയന്‍സും

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഒരു ഉപരോധപ്പൂട്ട് കൂടി തയ്യാറാക്കിയിരുന്നു. ഇതോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം റഷ്യന്‍ എണ്ണ നല്‍കുന്ന രണ്ട് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് എറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇറക്കുമതി പുനഃപരിശോധിക്കും. ഇക്കാര്യം സ്ഥിരീകരിച്ച കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാകും തുടര്‍ തീരുമാനമെന്നും വ്യക്തമാക്കി.

റഷ്യയുടെ രണ്ട് വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നീ കമ്പനികള്‍ക്കാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് പ്രതിദിനം 5 ലക്ഷം ബാരല്‍ വീതം അടുത്ത 25 വര്‍ഷത്തേക്ക് വാങ്ങാന്‍ കഴിഞ്ഞ ഡിസംബറില്‍ റോസ്‌നെഫ്റ്റുമായി റിലയന്‍സ് ധാരണയിലെത്തിയിരുന്നു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഈ ധാരണയില്‍ നിന്ന് റിലയന്‍സിന് പിന്‍വാങ്ങേണ്ടിവരും.

നേരത്തേ ഇന്ത്യയ്ക്കുമേല്‍ 25% പിഴച്ചുങ്കം പ്രഖ്യാപിച്ചിട്ടും ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഉപരോധം പ്രാബല്യത്തില്‍ വന്നതിനാല്‍ ഇനി എണ്ണ ഇറക്കുമതി എളുപ്പമല്ല. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും അവ നീക്കംചെയ്യുന്ന കപ്പലുകള്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെല്ലാം യുഎസിന്റെ ഉപരോധം ബാധകമാകും.

പ്രതിദിനം ശരാശരി 17 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ഇന്ത്യ ഇപ്പോള്‍ വാങ്ങുന്നത്. ഇതിന്റെ പകുതിയും ഇറക്കുമതി ചെയ്തിരുന്നത് റിലയന്‍സ് ആയിരുന്നു. ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, മാംഗ്ലൂര്‍ റിഫൈനറി തുടങ്ങിയവയും ഗള്‍ഫ്, പടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ ഉപരോധവുമുണ്ട്.

Scroll to Top