രണ്ടുപതിറ്റാണ്ടിനു ശേഷം ഇന്ത്യയൊട്ടാകെ എസ്‌ഐആര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ വോട്ടര്‍ പട്ടിക മരവിപ്പിക്കും; രണ്ടാംഘട്ടത്തില്‍ കേരളം അടക്കം 12 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. കേരളം അടക്കം 12 സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ട സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആര്‍ നടപ്പിലാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ 12 സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക മരവിപ്പിക്കുമെന്ന് ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. രാജ്യവ്യാപക എസ്‌ഐആറിന്റെ ഒന്നാംഘട്ടം ബിഹാറില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും കടക്കുന്നത്. 21 വര്‍ഷം മുന്‍പാണ് അവസാനമായി ഇന്ത്യയില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നത്.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ എസ്‌ഐആര്‍ പ്രക്രിയയാണ് ഇനി നടക്കാനിരിക്കുന്നത്. അവസാനമായി എസ്‌ഐആര്‍ നടന്നത് 2002-04ലായിരുന്നു. അതായത് 21 വര്‍ഷം മുന്‍പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍പട്ടികയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നെന്നും അപ്പീലുകളില്ലാതെയാണ് ബിഹാറില്‍ എസ്‌ഐആര്‍ പൂര്‍ത്തീകരിച്ചതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. 36 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും എസ്‌ഐആര്‍ പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

എസ്‌ഐആര്‍ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ വോട്ടര്‍ പട്ടിക മരവിപ്പിക്കും. പിന്നീട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോമുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്‌ഐആര്‍ രണ്ടാം ഘട്ടത്തിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹരായ എല്ലാവര്‍ക്കും വോട്ട് ഉറപ്പാക്കുമെന്നും അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Scroll to Top