തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; സെനിത് സാംഗ്മ ഇനി കോണ്‍ഗ്രസില്‍; മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ സഹോദരന്‍ കോണ്‍ഗ്രസിനൊപ്പം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്ന മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാംഗ്മയുടെ സഹോദരന്‍ സെനിത് സാംഗ്മ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. 2021-ല്‍ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് സഹോദരനൊപ്പം പോയ സെനിത് സാംഗ്മ 2025-ല്‍ വീണ്ടും തന്റെ പഴയ തറവാട്ടിലേക്ക് തിരിച്ചെത്തുകയാണ്. ബുധനാഴ്ച മേഘാലയയിലെ പിസിസി ആസ്ഥാനത്ത് സെനിത് സാങ്മ കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് സ്വീകരിക്കുമെന്നാണ് വിവരം. മുകുള്‍ സാങ്മ മേഘാലയ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കായികമന്ത്രിയായിരുന്നു സെനിത് സാങ്മ.

ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന മുകുള്‍ സാങ്മ 2021ലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുകുളിന്റെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ആസൂത്രണം ചെയ്യുന്ന സെനിത്തിനെ തങ്ങളുടെ ക്യാംപിലേക്ക് എത്തിക്കുക വഴി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മുകുള്‍ സാങ്മയെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു താല്‍പര്യമില്ല. എന്നാല്‍ അദ്ദേഹവുമായി അടുപ്പമുള്ള തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസില്‍ എത്തിക്കുകയാണ് ലക്ഷ്യം.

സെനിത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും മുകുള്‍ ഒറ്റപ്പെടുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. സെനിത്തിന്റെ വരവ് അദ്ദേഹത്തിന് സ്വാധീനമുള്ള ഗാരോ ഹില്‍സില്‍ നടക്കാന്‍ പോകുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

53 വയസ്സുകാരനായ സെനിത്ത് സാങ്മ 2003, 2013, 2018 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മേഘാലയ യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ പാര്‍ട്ടി പദിവകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

 

Scroll to Top