ലാഭവിഹിതം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു; മുഹമ്മദ് ഷെര്‍ഷാദ് അറസ്റ്റില്‍; സിപിഐഎം പിബിക്ക് പരാതി നല്‍കിയ വിവാദവ്യക്തി

കൊച്ചി: ലാഭവിഹിതവും റിട്ടേണും ഓഹരി പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടി വഞ്ചിച്ചെന്ന പരാതിയില്‍ വിവാദ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന കേസിലാണ് കൊച്ചി പൊലീസ് ഷെര്‍ഷാദിനെ ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായിയാണ് ഷെര്‍ഷാദ്.

2023-ല്‍ പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ഷെര്‍ഷാദ്. പലരില്‍ നിന്നായി ഈ സ്ഥാപനം പണം വാങ്ങിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള രണ്ടുപേരില്‍ നിന്നായി 40 ലക്ഷത്തോളം രൂപയാണ് വാങ്ങിയിരുന്നത്. 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാര്‍ഷിക റിട്ടേണ്‍, അഞ്ച് ശതമാനം ഷെയര്‍ എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാല്‍, ഇവ ഒന്നുംതന്നെ ഷെര്‍ഷാദ് നല്‍കിയില്ലെന്നായിരുന്നു പരാതി.

ഇതേത്തുടര്‍ന്ന് രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷെര്‍ഷാദിനും സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശരവണനുമെതിരെയാണ് കേസ്. സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആളാണ് ഷെര്‍ഷാദ്. കത്ത് ചോര്‍ത്തി എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരേ ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

Scroll to Top