
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ശിവപ്രിയയുടെ മരണത്തില്‍ വിദഗ്ധ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചു. കരിക്കകം സ്വദേശി ജെ.ആര്.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഇയ്ക്കു കൈമാറി. ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ ചികിത്സ തേടിയിരുന്നുവെന്നും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണെന്നും ഈ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന്‍ കഴിയില്ലെന്നുമാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത മേനോനാണ് സമിതി അധ്യക്ഷ. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ.ലത, സര്‍ജറി വിഭാഗം മേധാവി എന്‍.എസ്.സജി കുമാര്‍, കോട്ടയം ഗവ.മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ജൂബി ജോണ്‍ എന്നിവരാണ് അംഗങ്ങള്‍.
അതേസമയം, വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നും ആശുപത്രിയില്‍നിന്നു തന്നെയാണ് അണുബാധ ഉണ്ടായതെന്നാണു വിശ്വസിക്കുന്നതെന്നും ശിവപ്രിയയുടെ സഹോദരന് ശിവപ്രസാദ് പറഞ്ഞു. റിപ്പോര്‍ട്ട് ഇങ്ങനെയേ വരൂ എന്നു പ്രതീക്ഷിച്ചതാണ്. സത്യം എന്താണെന്ന് അറിയുന്നതുവരെ നീതിക്കു വേണ്ടി പോരാടുമെന്നും ശിവപ്രസാദ് പറഞ്ഞു.
കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ ആണ് അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരിക്കുകയായിരുന്നു.



